മൈസൂരു : ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. മൈസൂരു ട്രെയിനിങ് ക്യാമ്പസിൽനിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടിപ്പിരിച്ചുവിടൽ. ഫെബ്രുവരിയിൽ നാനൂറോളം ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു.ഇന്ന് രാവിലെയാണ് പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ പലർക്കും ലഭിച്ചത്.
മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടൽ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ജീവനക്കാർക്ക് ഒരുമാസത്തെ സമയം നൽകിയിട്ടുണ്ട്. ഔട്ട്പ്ലേസ്മെന്റ് സർവീസുകൾ പരമാവധി നൽകാൻ ശ്രമിക്കും, ഒരുമാസത്തെ ശമ്പളവും താമസവും നൽകും. നാട്ടിലേക്കുള്ള ട്രാവൽ അലവൻസ് ഉൾപ്പെടെയുള്ളവ ജീവനക്കാർക്ക് നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ജോലി സ്ഥിരപ്പെടുത്താൻ വേണ്ടി ട്രെയിനി ബാച്ചിനായി നടത്തിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് ഇൻഫോസിസ് വ്യക്തമാക്കുന്നത്. ആഗോളവിപണിയിലെ സാമ്പത്തിക മാന്ദ്യ സാധ്യത മുൻനിർത്തി പ്രൊജക്ടുകൾ പലതും ഇൻഫോസിസ് വെട്ടിച്ചുരുക്കുന്നുണ്ട് എന്ന സൂചനയും ഉണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കൂട്ടപ്പിരിച്ചുവിടലെന്നും റിപ്പോർട്ടുകളുണ്ട്.