ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ : പ്രത്യേക അന്വേഷണ സംഘം സജ്ജം

06:13 AM Jul 26, 2025 | Suchithra Sivadas

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി രേഖകള്‍ കൈപ്പറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയാണ് എഫ്‌ഐആറും അനുബന്ധരേഖകളും ഏറ്റുവാങ്ങിയത്. ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.


അതേസമയം, ധര്‍മസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തില്‍ നിന്ന് ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിന്‍മാറി. ഡിസിപി സൗമ്യലതയാണ് എസ്‌ഐടിയില്‍ നിന്ന് പിന്‍മാറുന്നതായി കാണിച്ച് കത്ത് നല്‍കിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് കത്ത്. സംഘത്തിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഐജി എംഎന്‍ അനുചേതും അനൗദ്യോഗികമായി അന്വേഷണത്തിന്റെ ഭാഗമാകാനില്ലെന്ന് ആഭ്യന്തരവകുപ്പിനെ അറിയിച്ചെന്നാണ് സൂചന. ഇതോടെ അന്വേഷണസംഘത്തിന്റെ യാത്ര മാറ്റിയിരുന്നു.

ഡിജിപി പ്രണബ് കുമാര്‍ മൊഹന്തി നേതൃത്വം നല്‍കുന്ന ഇരുപത്തിനാലംഗ അന്വേഷണസംഘത്തില്‍ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ബെല്‍ത്തങ്കടിയിലെ ഐബി ക്യാമ്പ് ഓഫീസാക്കിയാകും എസ്‌ഐടി പ്രവര്‍ത്തിക്കുക. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളില്‍ നിന്നടക്കമുള്ള ഇരുപത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി ഇന്നലെ ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. വിപുലമായ അന്വേഷണം കേസില്‍ ആവശ്യമാകുമെന്ന് കണ്ടാണ് അന്വേഷണസംഘം വിപുലീകരിച്ചത്.