പരിശീലനത്തിനായി പോകുന്നതിനിടെ മലയാളി സൈനികന്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജില്‍ (എഎഫ്‌എംസി) നഴ്‌സിംഗ് അസിസ്റ്റന്റായ ഫർസീൻ ഗഫൂറി(28)നെ ജൂലൈ 11 മുതലാണ് കാണാതായത്
ഉത്തർപ്രദേശിലെ ബറേലിയില്‍ സൈനിക ആശുപത്രിയില്‍ മൂന്ന് മാസത്തെ പരിശീലനത്തിനായി പോകുന്നതിനിടെയാണ് കാണാതായത്. എന്നാല്‍ അദ്ദേഹം അവിടെ എത്തിയിട്ടില്ല. മുംബൈ ബാന്ദ്ര-രാംനഗർ എസ്‌എഫ് എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ഫർസീൻ വ്യാഴാഴ്ച രാത്രി 10.30 ഓടെ ഭാര്യ സറീനയുമായി ഫർസീൻ സംസാരിച്ചിരുന്നു.
ക്ഷീണിതനാണെന്നും ഉറങ്ങാൻ പോവുകയാണെന്നുമാണ് അവസാനമായി ഭാര്യയോട് പറഞ്ഞത്.പിന്നീട് തിരികെ വിളിച്ചില്ല. ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. ആദ്യം തിരക്കിലാകുമെന്നാണ് കുടുംബം വിചാരിച്ചത്. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബറേലിയിലെ സൈനിക ക്യാമ്ബില്‍ അന്വേഷിച്ചു. അപ്പോഴാണ്, ഫര്‍സീന്‍ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായത്.ഇതോടെ കുടുംബം ആശങ്കാകുലരായി. ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്.
ഗുരുവായൂര്‍ സ്വദേശിയാണ്. ശ്രീകൃഷ്ണ കോളേജില്‍ ബയോകെമിസ്ട്രിക്ക് പഠിക്കുന്നതിനിടെയാണ് സൈന്യത്തില്‍ ജോലി ലഭിച്ചത്. കായിക താരം കൂടിയായിരുന്നു. ഫർസീൻ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, സൈന്യത്തില്‍ ജോലി ലഭിച്ചതിന് ശേഷം ലഖ്‌നൗ, പത്താന്‍കോട്ട് ഒടുവില്‍ പൂനെ എന്നിവിടങ്ങളിലായി പോസ്റ്റിങ് ലഭിച്ചിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.