നാലുചിറപ്പാലം സംസ്ഥാനത്തിന് അഭിമാനം: മുഖ്യമന്ത്രി പിണറായി വിജയൻ

08:13 PM Oct 27, 2025 |


ആലപ്പുഴ :നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഈ നാടിൻ്റെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. 60 കോടി 73 ലക്ഷം രൂപ ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്. പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ചുകെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. യാത്രയ്ക്ക് കടത്തുവള്ളത്തെ ആയിച്ചിരുന്ന നാലുചിറക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പാലം. നഗരത്തിലേക്കും ദേശീയപാതയിലേക്കുള്ള യാത്രാസമയം ഇതോടെ 15 മിനുട്ടായിക്കുറഞ്ഞിരിക്കുകയാണ്. പക്ഷിച്ചിറകിൻ്റെ ആകൃതിയിലുള്ള ഈ മനോഹരമായ പാലം സഞ്ചാരികളെക്കൂടി ആകർഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലത്തിന് സമീപം ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.ദേശീയ ജലപാതയിൽ ലീഡിങ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ജലഗതാഗതം തടസ്സപ്പെടാതിരിക്കാനായി 70 മീറ്ററുള്ള സെന്റർ സ്പാനാണ് ദേശീയ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ മധ്യത്തില്‍ ഒരുക്കിയിരിക്കുന്നത്. 458 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്.

ദേശീയപാത 66 നെയും അമ്പലപ്പുഴ -തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പാലം കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരപാതയായി മാറും. കാഴ്ച്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മധ്യഭാഗത്ത് വിപുലീകരിച്ചിട്ടുള്ള പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകർഷണമാണ്. തോട്ടപ്പള്ളി നാലുചിറ, ഇല്ലിച്ചിറ നിവാസികൾക്കും കാർഷിക മേഖലയ്ക്കും ജില്ലയുടെ ഗതാഗത രംഗത്തിനൊപ്പം വിനോദസഞ്ചാര മേഖലക്കും പാലം വലിയ മുതല്‍ക്കൂട്ടാകും. എച്ച് സലാം എംഎല്‍എ, ജില്ലാ കളക്ടർ അലക്സ്‌ വർഗീസ്, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ രാജി, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, വൈസ് പ്രസിഡന്റ് വിഎസ് മായാദേവി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി എസ് ജിനുരാജ്, കെ രാജീവൻ, പ്രിയ അജേഷ്, കെ ആർ എഫ് ബി പ്രൊജക്റ്റ് ഡയറക്ടർ എം അശോക് കുമാർ, കെ ആർ എഫ് ബി- പി എം യു സൗത്ത് സർക്കിൾ ടീം ലീഡർ പി ആർ മഞ്ജുഷ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.