ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ശുചീകരണതൊഴിലാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണം:കര്‍ണാടക പ്രതിപക്ഷനേതാവ്

09:03 AM Aug 15, 2025 | Suchithra Sivadas

ധര്‍മസ്ഥലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക. മുഖം മൂടി നടക്കുന്ന സാക്ഷിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും കേസന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറണമെന്നും ആര്‍ അശോക ആവശ്യപ്പെട്ടു. മുന്‍ ശുചീകരണ തൊഴിലാളിയുടെ പരാതിയില്‍ ഒരുകോടി രൂപയിലധികം ചിലവഴിച്ച് ഭാരമേറിയ യന്ത്രങ്ങളും ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് ആര്‍ അശോക ഇക്കാര്യം പറഞ്ഞത്.

'ധര്‍മസ്ഥലയില്‍ കുഴികള്‍ കുഴിച്ച് പരിശോധനകള്‍ നടത്തലിന് നേതൃത്വം നല്‍കുന്ന മാസ്‌ക് ധരിച്ചയാള്‍ ആരാണ്? അയാളുടെ പേര് ചിന്നയ്യ എന്നാണ് എന്നും അയാള്‍ ക്രിസ്തുമതം സ്വീകരിച്ചുവെന്നുമാണ് ആളുകള്‍ പറയുന്നത്. പൊലീസ് അയാള്‍ക്ക് സംരക്ഷണം കൊടുക്കുന്നു, കഴിക്കാന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്നു. അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നു. പക്ഷെ ഒരു എലിയെപ്പോലും കണ്ടുപിടിച്ചിട്ടില്ല ഇതുവരെ.'- ആര്‍ അശോക പറഞ്ഞു.


കോടതി ഉത്തരവോ നിര്‍ദേശങ്ങളോ ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്നും അതിനുപിന്നില്‍ വിദേശഫണ്ടുകളും ഗൂഢാലോചനയും ഉണ്ടാകാമെന്നും ആര്‍ അശോക ആരോപിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ എന്‍ ഐ എ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ധര്‍മസ്ഥലയിലെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തെ അപമാനിച്ചുവെന്നും ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യംവയ്ക്കുന്ന രീതി തന്നെ കോണ്‍ഗ്രസിനുണ്ടെന്നും അശോക ആരോപിച്ചു. ശബരിമല, തിരുപ്പതി, ശനി സിംഗ്‌നപൂര്‍ ക്ഷേത്രങ്ങളെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ധര്‍മസ്ഥലയുടെ പവിത്രത നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.