+

നാരായണീന്റെ മൂന്നാണ്‍മക്കള്‍, സഹോദര മക്കള്‍ തമ്മിലുള്ള സെക്‌സിനെതിരെ രൂക്ഷ വിമര്‍ശനം, കൗമാരത്തെ വഴിതെറ്റിക്കും, മുറപ്പെണ്ണാകാമെങ്കില്‍ ഇതും ആകാമെന്ന് മറുപടി

ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമ ഒടിടിയിലെത്തിയതോടെ സിനിമയുമായി ബന്ധപ്പെട്ട് കൊണ്ടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കൊച്ചി: ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമ ഒടിടിയിലെത്തിയതോടെ സിനിമയുമായി ബന്ധപ്പെട്ട് കൊണ്ടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ജാതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയുടെ കാലികപ്രസക്തിയേക്കാള്‍ സഹോദരമക്കള്‍ തമ്മില്‍ പ്രണയത്തിലാകുന്നതും സെക്‌സിനോട് താത്പര്യം കാട്ടുന്നതുമായ രംഗങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒരുവിഭാഗം പറയുന്നു.

ആണ്‍ മക്കളുടെ മക്കള്‍ സഹോദരീ സഹോദര ബന്ധമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സഹോദരിയുടേയും സഹോദരന്റേയും മക്കളുടെ വിവാഹം മുറപ്പെണ്ണും മുറച്ചെറുക്കനുമായി ആഘോഷിക്കപ്പെടുമ്പോള്‍ ബയോളജിക്കലായി അതേ ബന്ധത്തിലുള്ള സഹോദരന്മാരുടെ മക്കള്‍ക്ക് എന്തുകൊണ്ട് ഇതായിക്കൂടാ എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം.

അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ഒട്ടേറെ ലോക സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ ചില സമുദായക്കാര്‍ സഹോദര മക്കളുടെ വിവാഹം അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍, മലയാള സിനിമയില്‍ ഇക്കാര്യം തുറന്നുകാട്ടുമ്പോള്‍ മുഖംതിരിക്കുകയാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും.

ഇന്‍സെസ്റ്റ് സെക്‌സ് എന്നാണ് അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ലൈംഗികബന്ധത്തെ വിശേഷിപ്പിക്കുന്നത്. അടുത്ത ബന്ധുക്കള്‍ വിവാഹിതരാകുന്നത് ജനിതക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അത് ഒഴിവാക്കണമെന്നും ശാസ്ത്രം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യവാന്മാരായ പുതുതലമുറയ്ക്കുവേണ്ടി പരമാവധി അകലെനിന്നും വിവാഹം കഴിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നവരുമുണ്ട്.

സിനിമയിലേക്ക് വരുമ്പോള്‍ സഹോദര മക്കളുടെ പ്രണയത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇന്‍സെസ്റ്റ് സെക്‌സിനെയല്ല എതിര്‍ക്കുന്നതെന്നും അത് പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ചുള്ളതാണെന്നുമാണ് വിമര്‍ശനം. ഒരേസമയം മുറപ്പെണ്ണിനെ അനുകൂലിക്കുന്നവര്‍ സഹോദര മക്കളുടെ ബന്ധത്തെ എതിര്‍ക്കുന്നതില്‍ യാതൊരു ലോജിക്കുമില്ലെന്നും ഇവര്‍ പറയുന്നു.

സഹോദര മക്കളുടെ പ്രണയത്തെ എതിര്‍ക്കുമ്പോള്‍ മുറപ്പെണ്ണ് അല്ലെങ്കില്‍ മുറച്ചെറുക്കന്‍ ബന്ധത്തേയും തള്ളിക്കളയണം. അല്ലാത്തപക്ഷം ഇത് ഇന്‍സെസ്റ്റ് സെക്‌സില്‍ പെടുന്നതാണെന്നതില്‍ സംശയമില്ല.

നാരായണീന്റെ മൂന്നാണ്‍മക്കളിലെ പ്രണയവും സെക്‌സും നൂറുകണക്കിന് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കാണ് ഇടയാക്കിയത്. ഇന്‍സെസ്റ്റ് സെക്‌സിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ഒട്ടേറെപ്പേര്‍ രംഗത്തെത്തി. കൗമാരത്തില്‍ ഇത്തരം ലൈംഗിക ആകര്‍ഷണത്തില്‍ തെറ്റില്ലെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അതേസമയം, സിനിമ കൗമാരക്കാരെ വഴിതെറ്റിക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കഥാപാത്രങ്ങള്‍ തമ്മില്‍ കണ്‍സേന്റോട് കൂടി സെക്‌സ് ചെയ്താലും കണ്‍സേന്റ് ഇല്ലാതെ സെക്‌സ് ചെയ്താലും ശരി സഹോദരങ്ങള്‍ക്കിടയിലെ സെക്‌സ് എന്നത് ഒരു ശരാശരി മലയാളിയുടെ മൊറാലിറ്റിയെ ബാധിക്കുന്ന ഒന്ന് തന്നെയാണെന്നാണ് സിനിമയെ നിരൂപിച്ച ഒരാളുടെ അഭിപ്രായം.

 

facebook twitter