ചക്കരക്കൽ : ചക്കരക്കൽ ടൗൺ വികസനത്തിൻ്റെ ഭാഗമായി മുന്നൂറോളം കടകൾ പൊളിച്ചു മാറ്റിയാൽ തങ്ങൾ എങ്ങോട്ടു പോകുമെന്നാണ് കാൽ നൂറ്റാണ്ടിലേറെയായി ഇവിടെ വ്യാപാരം നടത്തിവരുന്നവർ ചോദിക്കുന്നത്. സർക്കാർ ഇതുവരെ നഷ്ടപരിഹാര പാക്കേജ് നിശ്ചയിച്ചിട്ടില്ല. പദ്ധതിയെ കുറിച്ചുള്ള പൂർണ വിവരങ്ങളൊന്നും തങ്ങൾക്കറിയില്ല.
കുറ്റിയിടാൻ ഉദ്യോഗസ്ഥർ വരുമ്പോഴാണ് പലരും ഈക്കാര്യം അറിയുന്നത്. ഉപജീവന മാർഗം നടത്തിവരുന്ന തങ്ങളും ആയിരത്തിഅഞ്ഞൂറോളം തൊഴിലാളികളും എങ്ങോട്ടു പോകണമെന്നാണ് സർക്കാർ പറയുന്നതെന്നും വ്യാപാരികൾ രോഷത്തോടെ പ്രതികരിച്ചു. കടയുടെ അകത്താണ് ഇനി കുറ്റിയടിക്കാൻ പോകുന്നത്. ലോട്ടറി കച്ചവടക്കാർ മുതൽ മൊത്തവ്യാപാരക്കാർ വരെ ഇവിടെ നിന്നും പാലായനം ചെയ്യേണ്ടിവരും.
ബൈപാസ് റോഡുണ്ടാക്കിയാൽ ഗതാഗത തടസം ഒഴിവാക്കാം. എന്നാൽ ഈ കാര്യം തങ്ങൾ അധികൃതർ അവഗണിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. അശാസ്ത്രിയമായ സർവ്വേ കുറ്റിയടിക്കലാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധം തുടരുമെന്ന് വ്യാപാരികൾ പറഞ്ഞു. ചക്കരക്കൽ ടൗണിൽ ഗതാഗത കുരുക്കുണ്ടാക്കുന്നത് വ്യാപാരികളല്ല. അനധികൃത പാർക്കിങ് ഒഴിവാക്കിയാൽ ഗതാഗത തടസം നീങ്ങുമെന്ന് വ്യാപാരികൾ പറഞ്ഞു.