തിരുവനന്തപുരം: ഇസിജി, അൾട്രാസൗണ്ട് ഫലങ്ങൾ എന്നിങ്ങനെ രോഗിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റുകൾക്ക് കൈമാറാൻ സാധിക്കുന്ന 5ജി ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ.
രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തത്സമയ ഡാറ്റാ കൈമാറ്റത്തിനും വിദഗ്ധ മാർഗ്ഗനിർദ്ദേശങ്ങൾക്കും സൗകര്യമൊരുക്കി ആംബുലൻസുകളെ 'മൊബൈൽ എമർജൻസി റൂമുകളാക്കി' മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തെക്കൻ കേരളത്തിൽ ആദ്യമായാണ് 5ജി ആംബുലൻസിന്റെ സേവനം ലഭ്യമാകുന്നത്. നിർണായക നിമിഷങ്ങളിൽ ഡോക്ടർമാരിൽ നിന്ന് തത്സമയ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ പാരാമെഡിക്കുകൾക്ക് അസിസ്റ്റഡ് റിയാലിറ്റി സ്മാർട്ട് ഗ്ലാസുകളും ആംബുലൻസുകളിൽ ഒരുക്കിയിട്ടുണ്ട്.
നിലവിലുള്ള ആംബുലൻസുകൾ നൂതന സാങ്കേതിവിദ്യയുടെ സഹായത്തോടെ നവീകരിച്ചാണ് 5ജി ആംബുലൻസുകളായി മാറ്റിയത്. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ആംബുലൻസിന്റെ സേവനം ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.