ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി ബ്രസീലില്‍

07:11 AM Jul 06, 2025 | Suchithra Sivadas

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീല്‍ സ്വീകരിച്ചു. അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്. ആറ് പതിറ്റാണ്ടിനുശേഷം ബ്രസീല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷന്‍.

ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘര്‍ഷങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഭീകരവാദത്തെ ശക്തമായി എതിര്‍ക്കണമെന്ന് മോദി ആവശ്യപ്പെടും. ബ്രിക്‌സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തില്‍ പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപറയണം എന്നും ഇന്ത്യയുടെ നിര്‍ദ്ദേശമുണ്ട്.

വൈകിട്ടും നാളെയുമായി അതിഥി രാജ്യങ്ങള്‍കൂടി പങ്കെടുക്കുന്ന യോഗങ്ങള്‍ നടക്കും. ബ്രിക്‌സ് സംയുക്ത പ്രസ്താവനയ്ക്ക് ഉച്ചകോടി അന്തിമരൂപം നല്കും. ഇന്നലത്തെ കൂടിക്കാഴ്ചയില്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ക്ഷണിച്ചു. പഹല്‍ഗാം ആക്രമണത്തിനു ശേഷം അര്‍ജന്റീന നല്കിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു.