+

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് ; തീരുവ തർക്കത്തിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്ക സന്ദർശിക്കും. യു.എൻ പൊതുസഭയിൽ പങ്കെടുക്കാനാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്ക സന്ദർശിക്കും. യു.എൻ പൊതുസഭയിൽ പങ്കെടുക്കാനാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്.

സന്ദർശനത്തിനിടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തീരുവ തർക്കം ചർച്ചയാകും. യു.എൻ പൊതുസഭയിൽ മോദി സംസാരിക്കും. കൂടാതെ, യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കി ഉൾപ്പെടെയുള്ള ലോക നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബറിലാണ് യു.എൻ പൊതുസമ്മേളനം. ഈ വർഷം ഫെബ്രുവരിയിൽ വൈറ്റ്ഹൗസിലെത്തി ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യക്ക് 50 ശതമാനം തീരുവയാണ് യു.എസ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഏഴിന് നിലവിൽവന്നിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഈമാസം 27ന് നിലവിൽ വരും. അതേസമയം, 50 ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഇന്ത്യ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

തെരഞ്ഞെടുത്ത അമേരിക്കൻ ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താനാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഫെബ്രുവരിയിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽനിന്ന് ട്രംപ് മലക്കംമറിഞ്ഞതായാണ് കേന്ദ്രസർക്കാർ വാദം. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാർ ശക്തിപ്പെടുത്താൻ ഫെബ്രുവരിയിൽ മോദി-ട്രംപ് ചർച്ചയിൽ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് ട്രപ് താരിഫ് യുദ്ധത്തിലേക്ക് കടന്നതും ഇന്ത്യക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതും.

അമേരിക്കയുടെ കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കാൻ ഇന്ത്യ തയാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി അധിക തീരുവയും പ്രഖ്യാപിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തണമെന്നാണ് ട്രംപിൻറെ ആവശ്യം. ഈ പശ്ചാത്തലത്തിൽ ആഗസ്റ്റ് 15ന് നടക്കുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയും ഏറെ നിർണായകമാണ്.

facebook twitter