പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം കെ. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലിൽ സ്വീകരിച്ചു. ദിവ്യയ്ക്കും പ്രശാന്തിനും സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് കോടതി നിർദേശം.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂർ കളക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നതാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. അത് തെളിയിക്കാൻ അയാൾ തയ്യാറായതുമില്ല. ഇതെല്ലാമാണ് പ്രശാന്തന്റെ പേരിലുള്ള ആരോപണം.
പത്തനംതിട്ട ബാറിലെ അഭിഭാഷകനായ അജിത്ത് പ്രഭാവ് വഴിയാണ് ഹർജി ഫയൽചെയ്തിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം കണ്ണൂർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി, നവീന്റെ ഭാര്യ മഞ്ജുഷയും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിക്ക് രക്ഷപ്പെടാൻ ഉതകുന്ന സാക്ഷിമൊഴികൾ കുറ്റപത്രത്തിലുണ്ടെന്നതടക്കമുള്ള വിവരങ്ങൾ ഈ ഹർജിയിലൂടെ ഉന്നയിച്ചിരുന്നു. ഈഹർജി ഡിസംബറിൽ സെഷൻസ് കോടതി പരിഗണിക്കും.
പ്രശാന്തൻ ഉൾപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരൻ, കണ്ണൂർ ടൗൺ സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി ഉണ്ടായിട്ടില്ല. പ്രശാന്തന്റെ പെട്രോൾ പമ്പ് അനുമതിക്കായുള്ള അപേക്ഷ സംബന്ധിച്ചാണ് ദിവ്യ യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതും തുടർന്നുള്ള സംഭവങ്ങൾ ഉണ്ടായതും. പ്രശാന്തനും ദിവ്യയും അടക്കമുള്ളവർ നടത്തിയ ഗൂഢാലോചനയാണ് വെളിച്ചത്തുവരേണ്ടതെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കാണിച്ചിട്ടുണ്ട്. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.