+

നവീന്‍ ബാബുവിന്റെ ആത്മഹത്യ, സുപ്രീം കോടതി പരാമര്‍ശം ദിവ്യയ്ക്ക് പിടിവള്ളിയാകും, സിബിഐ അന്വേഷണ ആവശ്യമെന്ന നീക്കം പാളിയോ?

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത് പ്രതി പിപി ദിവ്യയ്ക്ക് പിടിവള്ളിയാകും.

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത് പ്രതി പിപി ദിവ്യയ്ക്ക് പിടിവള്ളിയാകും.

നേരത്തെ ഹൈക്കോടതി ഹര്‍ജി തള്ളിയതോടെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, ആരോപണം തള്ളിയ സുപ്രീംകോടതി നടത്തിയ പരാമര്‍ശം കേസിന്റെ വിചാരണ വേളയില്‍ നിര്‍ണായകമായേക്കും.

ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതുമെന്നും എല്ലാ കേസുകളിലും ആത്മഹത്യാപ്രേരണ ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ കേസുകളും സിബിഐയ്ക്ക് വിടാനാകില്ല, മരണം നിര്‍ഭാഗ്യകരമാണ്, എന്നാല്‍, കേസ് സിബിഐക്ക് കൈമാറാന്‍ കാരണമില്ലെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ടാണ് സിബിഐ അന്വഷണം വേണ്ടെന്ന് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു.

നിലവിലെ അന്വേഷണത്തിന്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നുമായിരുന്നു ആക്ഷേപം.

ദിവ്യയ്ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം സുതാര്യമല്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് മഞ്ജുഷയുടെ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടത്. ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ സുപ്രീംകോടതിയുടെ പരാമര്‍ശം ആത്മഹത്യാ പ്രേരണ കേസിന്റെ വിചാരണ വേളയില്‍ പ്രതിഭാഗത്തിന് തുണയായേക്കും. ആത്മഹത്യയാണെന്ന് വ്യക്തമായിട്ടും സിബിഐ അമ്പേഷണം ആവശ്യപ്പെട്ട് സൂപ്രീംകോടതിവരെ വാദിച്ച അഭിഭാഷകന്റെ നീക്കം ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് കോടതി പരാമര്‍ശം.

facebook twitter