ലഖ്നോ: നവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ആരാധനാലയങ്ങള്‍ക്ക് സമീപം ഇറച്ചിയും മീനും വില്‍ക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. മാത്രമല്ല, അനധികൃത അറവുശാലകൾ പൂട്ടുമെന്നും അധികൃതർ വ്യക്തമാക്കി. ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ആരാധാനാലയങ്ങള്‍ക്ക് 500 മീറ്റർ അടുത്തുള്ള മാംസ വില്‍പന കേന്ദ്രങ്ങളാണ് അടയ്ക്കുന്നത്. ഏപ്രില്‍ ആറിന് രാമനവമി ദിവസത്തില്‍ സംസ്ഥാനത്താകെ മാംസ-മത്സ്യ വില്‍പനയും നിരോധിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്ട് ആൻഡ് ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കും.
കശാപ്പുശാലകൾ ഉടൻ അടച്ചുപൂട്ടാനും ആരാധനാലയങ്ങൾക്ക് സമീപമുള്ള മാംസ വിൽപന നിരോധനം നടപ്പിലാക്കാനും എല്ലാ ജില്ല മജിസ്‌ട്രേറ്റുമാർക്കും, പൊലീസ് കമീഷണർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് നിർദ്ദേശം നൽകി.