'നയതന്ത്ര ബന്ധം ആവശ്യം' പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഉപദേശിച്ച് സഹോദരന്‍ നവാസ് ഷെരീഫ്

07:19 AM May 10, 2025 |


ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷാവസ്ഥ തുടരവെ പാകിസ്താന്‍ പ്രധാനമന്ത്രിയായ ഷെഹ്ബാസ് ഷെരീഫിനെ ഉപദേശിച്ച് സഹോദരനും മുന്‍ പാകിസ്താന്‍ പ്രധാന മന്ത്രിയുമായ നവാസ് ഷെരീഫ്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് നവാസ് ഷെരീഫ് ഉപദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സിന്ധു നദീ ജല കരാറുള്‍പ്പടെ റദ്ദാക്കിയ സാഹചര്യത്തിലുമാണ് നവാസ് ഷരീഫിന്റെ നിര്‍ദ്ദേശമെന്നാണ് പാകിസ്താന്‍ മാധ്യമമായ എക്‌സപ്രസ് ട്രിബ്യൂണലിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്‍പും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനം നിലനിര്‍ത്താനായി നവാസ് ഷെരീഫ് നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.