പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം, ഒപ്പം പ്രേക്ഷകരും. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ വീണ്ടും സജീവമായി വരികയായിരുന്ന അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കാണ് മരണം.
വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയില്‍ കലാഭവന്‍ നാസ് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം 25 നാണ് അദ്ദേഹം സെറ്റില്‍ ജോയിന്‍ ചെയ്തത്. നാളെയും മറ്റന്നാളും നവാസിന് ചിത്രീകരണം ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് വീട്ടില്‍ പോയിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുക്കാന്‍ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലേക്ക് എത്തിയത്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും ഇതേ ഹോട്ടലിലാണ് ദിവസങ്ങളായി താമസിച്ചിരുന്നത്. റിസപ്ഷനിലും ഇക്കാര്യം പറഞ്ഞ് മുകളിലേക്കുപോയ നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. ഇത് എന്തുകൊണ്ടെന്ന് അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോള്‍ നവാസ് നിലക്ക് വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു.
വിവരം അറിയിച്ചതനുസരിച്ച് ചോറ്റാനിക്കര പൊലീസ് എത്തുകയായിരുന്നു. ചോറ്റാനിക്കരയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.