ചിരഞ്ജീവിയും അനിൽ രവിപുടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലെ നായിക കഥാപാത്രത്തിനായി തെന്നിന്ത്യൻ താരം നയൻതാരയെ അണിയറപ്രവർത്തകർ സമീപിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഈ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ചിരഞ്ജീവിയുടെ നായികയായി അഭിനയിക്കുവാൻ നയൻതാര 18 കോടി പ്രതിഫലം ആവശ്യപ്പെട്ടതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. നടി ആവശ്യപ്പെട്ട തുക നിർമാതാക്കളെ ഞെട്ടിച്ചുവെന്നും അവർ മറ്റൊരു താരത്തെ സമീപിക്കുന്നതിനുള്ള ആലോചനകളിലാണ് എന്നും സൂചനകളുണ്ട്. നേരത്തെ 'സെയ് റാ നരസിംഹ റെഡ്ഡി', 'ഗോഡ്ഫാദർ' എന്നീ ചിരഞ്ജീവി ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചിരുന്നു.
അതേസമയം അനിൽ രവിപുടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ജൂണിൽ ആരംഭിക്കുന്നതിനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.
തുടർച്ചയായ 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച അനിൽ രവിപുടിയുടെ ഏറ്റവും പുതിയ റിലീസായ സംക്രാന്തികി വസ്തുനം 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്. സോഷ്യോ – ഫാന്റസി ചിത്രമായ വിശ്വംഭരക്ക് ശേഷം ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് മെഗാ 157.