ബിഹാറില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടി; എല്‍ജെപി നേതാവ് സീമ സിംഗിന്റെ നാമനിര്‍ദേശപത്രിക തള്ളി

08:08 AM Oct 19, 2025 | Suchithra Sivadas

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി പടയൊരുക്കം നടത്തുന്ന എന്‍ഡിഎ സഖ്യത്തിന് തിരിച്ചടി. ലോക് ജന്‍ ശക്തി പാര്‍ട്ടി( റാം വിലാസ്) സ്ഥാനാര്‍ത്ഥി സീമ സിംഗിന്റെ നാമനിര്‍ദേശ പത്രിക തള്ളി. മാര്‍ഹൗറയില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു സീമ.
നാമനിര്‍ദേശ പത്രികയിലെ രേഖകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയതായാണ് വിവരം. ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജന്‍ ശക്തിപാര്‍ട്ടിയിലെ സുപ്രധാന സ്ഥാനാര്‍ത്ഥിയായിരുന്നു സീമ സിംഗ്.

സാങ്കേതിക വിഷയങ്ങളും രേഖകളിലെ പൊരുത്തക്കേടുകളും കാരണം സീമ സിംഗിന്റേതുള്‍പ്പടെ നാല് നാമനിര്‍ദേശ പത്രികകള്‍ തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അല്‍ത്താഫ് ആലം രാജു, വിശാല്‍ കുമാര്‍, ബിഎസ്പിയുടെ ആദിത്യ കുമാര്‍ എന്നിവരുടെ നാമനിര്‍ദേശ പത്രികകളുമാണ് തള്ളിയത്.

പത്രിക തള്ളിയതോടെ മണ്ഡലത്തെകുറിച്ച് എന്‍ഡിഎയില്‍ ആശങ്ക ഉയര്‍ന്നു. പ്രമുഖ ഭോജ്പുരി അഭിനേത്രിയും നര്‍ത്തകിയുമായ സീമ, എന്‍ഡിഎ സഖ്യം വിജയപ്രതീക്ഷവെച്ച നേതാവായിരുന്നു. ലോക് ജന്‍ ശക്തി പാര്‍ട്ടിയിലൂടെ 2023ല്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച സീമ, ഒമ്പതാം ക്ലാസ് വിജയമാണ് തന്റെ വിദ്യാഭ്യാസ യോഗ്യത എന്ന് സത്യവാങ്മൂലത്തില്‍ നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു