നെടുമങ്ങാട് അപകടം ; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി

09:55 AM Jan 19, 2025 | Neha Nair

തിരുവനന്തപുരം : നെടുമങ്ങാട് അപകടത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ബസ് ഡ്രൈവറുടെ അലംഭാവമാണ് വാഹനാപകടത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് ആര്‍ടിഒ ശരത് ചന്ദ്രന്‍ പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നുവെന്നും ശരത് ചന്ദ്രന്‍ പറഞ്ഞിരുന്നു.

ടൂറിസ്റ്റ് ബസ് സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയിരുന്നു. അമിത വേഗത കാരണം വ്യാഴാഴ്ച ബസിനെ ആര്‍ടിഒ പിടികൂടുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊല്ലം ആര്‍ടിഒ ആണ് നടപടി സ്വീകരിച്ചത്.

വെള്ളിയാഴ്ച രാത്രി നെടുമങ്ങാട് വെച്ചുണ്ടായ അപകടത്തില്‍ ബസിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.

അപകടത്തില്‍ 60 വയസുള്ള ദാസിനിയാണ് മരിച്ചത്. ആംബുലന്‍സിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകള്‍ ആണ് ടൂര്‍ പോയത്. പെരുങ്കടവിള, കീഴാറൂര്‍, കാവല്ലൂര്‍ പ്രദേശത്തെ ആളുകളാണ് ഇതില്‍ കൂടുതല്‍ ഉണ്ടായിരുന്നത്.