+

തിരുവല്ല നെടുമ്പ്രത്ത് നദിയുടെ കൽക്കെട്ട് റോഡ് ഇടിഞ്ഞു വീണു :അപകട ഭീഷണിയിലായ പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു

നെടുമ്പ്രത്ത് നദിയുടെ കൽക്കെട്ട് തകർന്നതിനെ റോഡ് ഇടിഞ്ഞു വീണ് അപകട ഭീഷണിയിലായ പ്രദേശം ജില്ലാ പഞ്ചായത്ത് അംഗം അടങ്ങുന്ന ജനപ്രതിനിധികൾ സന്ദർശിച്ചു


തിരുവല്ല : നെടുമ്പ്രത്ത് നദിയുടെ കൽക്കെട്ട് തകർന്നതിനെ റോഡ് ഇടിഞ്ഞു വീണ് അപകട ഭീഷണിയിലായ പ്രദേശം ജില്ലാ പഞ്ചായത്ത് അംഗം അടങ്ങുന്ന ജനപ്രതിനിധികൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാം ഗോപി, ഗ്രേസി അലക്സാണ്ടർ എന്നിവർ അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ സന്ദർശനം നടത്തിയത്. നെടുമ്പ്രം പതിനൊന്നാം വാർഡിൽ മുളമൂട്ടിൽ പടി - പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻറ് റോഡിൽ പമ്പാ നദിയുടെ സംരക്ഷണഭിത്തി തകർന്ന് തീരം ഇടിയുന്നതാണ് തുണ്ടിയിൽ വീട്ടിൽ ഇട്ടി കുര്യനും സഹോദരനും വികലാംഗനുമായ സണ്ണി കുര്യനും ഉൾപ്പെടുന്ന കുടുംബത്തിന് ഭീഷണി ഉയർത്തുന്നത്. തീരം മൂന്നടിയോളം  കൂടി ഇടിഞ്ഞാൽ വീടിൻറെ കിടപ്പുമുറിയും അടുക്കളയും നദിയിലേക്ക് പതിക്കുന്ന അവസ്ഥയാണ്. 

ശനിയാഴ്ച രാത്രി 9 മണിയോടെ വീട്ടിലേക്ക് വരികയായിരുന്ന ഇട്ടിയുടെ മകൻ എബ്രഹാം റോഡ് ഇടിഞ്ഞതിനെ തുടർന്ന് ആറ്റിൽ വീണിരുന്നു. നദീതീരം ഇടിഞ്ഞുവീഴുന്നത് സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പഞ്ചായത്ത് അടക്കം ഉള്ളവർ സ്ഥലം സന്ദർശിച്ചത്. 2018ലെ പ്രളയത്തോടെയാണ് 50 അടിയോളം ദൂരത്തിൽ കരിങ്കൽ നിർമിത സംരക്ഷണഭിത്തി തകർന്നു വീണത്. ഇതോടെ പിന്നാലെ വന്ന ഓരോ വെള്ളപ്പൊക്കങ്ങളിലും നദി കരയെ വിഴുങ്ങിത്തുടങ്ങി. 

സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തു കൂടി ഇരച്ചെത്തുന്ന വെള്ളമാണ് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് പതിവാകുന്ന വെള്ളക്കെട്ടിനും ഇടയാക്കുന്നത്. നെടുമ്പ്രം തോട്ടടി പടി മുതൽ അന്തിച്ചന്ത ജംഗ്ഷൻ വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗത്താണ് മഴക്കാലത്ത് വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാറുള്ളത്. സംസ്ഥാനപാതയിലെ വെള്ളക്കെട്ടിനും റോഡ് ഇടിഞ്ഞു വീഴാനും കാരണമായ കൽക്കട്ടിന്റെ തകർച്ച സംബന്ധിച്ച വിവരം മാത്യു ടി തോമസ് എംഎൽഎ ധരിപ്പിച്ചതായും അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.

facebook twitter