
പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനങ്ങള്‍ക്ക് നീറ്റ് പിജി 2025 അടിസ്ഥാനമാക്കി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന അലോട്‌മെന്റുകളുടെ സമയക്രമം mcc.nic.in ല്‍ പ്രസിദ്ധീകരിച്ചു.
സീറ്റുകള്‍
ഓള്‍ ഇന്ത്യ ക്വാട്ട, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ പിജി പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകള്‍ ഇതില്‍ ഉള്‍പ്പെടും.
കൂടാതെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് (എഎഫ്എംഎസ്) സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷനും എംസിസി സൈറ്റ് വഴിയായിരിക്കും.
നാല് റൗണ്ടുകള്‍
കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ mcc.nic.in വഴി രജിസ്‌ട്രേഷന്‍ നടത്തി ബാധകമായ ഫീസ് അടയ്ക്കണം. അതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്‌ട്രേ വേക്കന്‍സി റൗണ്ട് എന്നിങ്ങനെ നാലു റൗണ്ടുകള്‍ ഉണ്ടാകും.
ആദ്യ റൗണ്ടിലേക്ക് നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷന്‍ നടത്താം. ഫീസടയ്ക്കാനുള്ള സൗകര്യം അഞ്ചിന് വൈകീട്ട് മൂന്നുവരെ ലഭിക്കും. രജിസ്‌ട്രേഷന്‍ നടത്തി തുക അടച്ച ശേഷം ചോയ്‌സ് ഫില്ലിങ് നടത്താനുള്ള സൗകര്യം അഞ്ചിന് രാത്രി 11.55 വരെ. ചോയ്സ് ലോക്കിങ് സൗകര്യം അഞ്ചിന് വൈകീട്ട് നാലുമുതല്‍ അന്ന് രാത്രി 11.55 വരെയും. ചോയ്സ് ലോക്കിങ് നടത്തുന്നില്ലെങ്കില്‍ സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്ക് ചെയ്യും. ആദ്യ അലോട്‌മെന്റ് ഫലം എട്ടിന് പ്രഖ്യാപിക്കും. കോളേജ് റിപ്പോര്‍ട്ടിങ്ങിന്/ജോയിനിങ്ങിന് ഒന്‍പതു മുതല്‍ 15 വരെ അവസരമുണ്ടാകും. പ്രവേശനം നേടിയവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ എംസിസിയുമായി പങ്കുവെക്കാന്‍ 16 മുതല്‍ 18 വരെ സൗകര്യം ഉണ്ടാകും.
രണ്ടാം റൗണ്ട് നടപടികള്‍ 19-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷന്‍ (ബാധകമെങ്കില്‍) 24-ന് ഉച്ചയ്ക്ക് 12 വരെ. ഫീസ് അടയ്ക്കല്‍ 24-ന് വൈകിട്ട് മൂന്ന് വരെ, ചോയ്സ് ഫില്ലിങ് 19 മുതല്‍ 24-ന് രാത്രി 11.55 വരെ. ലോക്കിങ് 24-ന് വൈകീട്ട് നാല് മുതല്‍ രാത്രി 11.55 വരെ. അലോട്മെന്റ് ഫലം 26-ന്. സ്ഥാപന റിപ്പോര്‍ട്ടിങ്/ ജോയനിങ് 27 മുതല്‍ ഡിസംബര്‍ നാല് വരെ. രണ്ടാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ എംസിസിയുമായി ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലായി പങ്കുവെക്കണം.
മൂന്നാം റൗണ്ട് അലോട്മെന്റ് നടപടികള്‍ എട്ടിന് തുടങ്ങും. രജിസ്‌ട്രേഷന്‍/ തുക അടയ്ക്കല്‍ (ബാധകമെങ്കില്‍) 14 വരെ. ചോയ്സ് ഫില്ലിങ് ഒന്‍പത് മുതല്‍ 14 വരെ. ലോക്കിങ് സൗകര്യം 14-ന്. സീറ്റ് അലോട്മെന്റ് ഫലം 17-ന്. റിപ്പോര്‍ട്ടിങ് 18 മുതല്‍ 26 വരെ. മൂന്നാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ എംസിസിയുമായി 27, 28 തീയതികളിലായി പങ്കുവെക്കണം.
സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ 30-ന് തുടങ്ങും. ജനുവരി നാലുവരെ രജിസ്‌ട്രേഷന്‍/ പേമന്റ്, ചോയ്‌സ് ഫില്ലിങ് എന്നിവ. നാലിന് ലോക്കിങ് സൗകര്യം. അലോട്‌മെന്റ് ഫലം ഏഴിന് പ്രഖ്യാപിക്കും. എട്ടിനും 15-നും ഇടയില്‍ സ്ഥാപനതല റിപ്പോര്‍ട്ടിങ് നടത്തണം.
സംസ്ഥാന അലോട്മെന്റുകള്‍
സംസ്ഥാന കൗണ്‍സലിങ് സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് നടപടികള്‍ നവംബര്‍ ആറു മുതല്‍ 15 വരെ. പ്രവേശനം നവംബര്‍ 20-നകം. രണ്ടാം റൗണ്ട് നടപടികള്‍ 25 മുതല്‍ ഡിസംബര്‍ നാലുവരെ. രണ്ടാം റൗണ്ട് പ്രവേശനം ഡിസംബര്‍ 10 വരെ. മൂന്നാം റൗണ്ട് 15 മുതല്‍ 26 വരെ. പ്രവേശനം ജനവരി രണ്ടിനകം.
സ്‌ട്രേ വേക്കന്‍സി
ജനുവരി അഞ്ച് മുതല്‍ 10 വരെ. ജനുവരി 15-നകം. ഓരോ റൗണ്ടിനു ശേഷവും സംസ്ഥാനതല പ്രവേശന വിവരങ്ങള്‍, സ്റ്റേറ്റ് ഡിഎംഇ/സ്റ്റേറ്റ് കൗണ്‍സലിങ് അതോറിറ്റി എംസിസിയുമായി പങ്കുവെക്കേണ്ട തീയതികള്‍ അറിയിപ്പില്‍ നല്‍കിയിട്ടുണ്ട്. പിജി മെഡിക്കല്‍ അക്കാദമിക് സെഷന്‍ ഡിസംബര്‍ എട്ടിന് തുടങ്ങും. സമയക്രമങ്ങള്‍ mcc.nic.in ല്‍ ലഭിക്കും.