നെഹ്‌റുവിന് ഗാന്ധിവധത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കണം, വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

06:10 AM Jan 21, 2025 | Suchithra Sivadas

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരേ വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. ബിജാപുര്‍ എംഎല്‍എയാണ് ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. നെഹ്‌റുവിന് ഗാന്ധിവധത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വെടിയുണ്ടകളേറ്റാണ് ഗാന്ധി മരിച്ചത്. ഇതില്‍ ഒരു വെടിയുണ്ട മാത്രമാണ് ഗോഡ്‌സേയുടെ തോക്കില്‍ നിന്ന് വന്നത്. ബാക്കി രണ്ടെണ്ണം വന്നത് എവിടെ നിന്നാണ് എന്നത് ദുരൂഹമാണ്. അതിനാല്‍ ഗാന്ധിവധം നെഹ്‌റു ആസൂത്രണം ചെയ്തതാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.


ഒരു ഏകാധിപതിയാകാന്‍ ആഗ്രഹിച്ചതുകൊണ്ടാകാം നെഹ്‌റു കൊലപാതകം ആസൂത്രണംചെയ്തത്. ഗോഡ്‌സേയുടെ വെടിയേറ്റല്ല ഗാന്ധി അന്ത്യശ്വാസം വലിച്ചത്. അന്ന് കോടതിയിലും ബാക്കിയുള്ള രണ്ട് വെടിയുണ്ടകള്‍ ആരാണ് ഉതിര്‍ത്തതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഗോഡ്‌സെ ഒരു വെടിയുണ്ട ഉതിര്‍ത്തു. ബാക്കി രണ്ടെണ്ണം മറ്റുള്ളവരും. നെഹ്‌റുവാണ് ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നാണ് ഇതിനര്‍ഥമെന്നും എംഎല്‍എ ആരോപിച്ചു.

ഇന്നത്തെ കോണ്‍?ഗ്രസുകാര്‍ക്ക് ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നും യത്‌നാല്‍ പറഞ്ഞു. ബെലഗാവില്‍ നടക്കുന്നത് വ്യാജ ഗാന്ധിമാരുടെ കണ്‍വെന്‍ഷനാണ്. ഗാന്ധി തത്വങ്ങള്‍ പാലിക്കുന്നതിന് പകരം വെറും നാടക കമ്പനിയാണ് കോണ്‍ഗ്രസുകാര്‍ നടത്തുന്നത്. ബി ആര്‍. അംബേദ്കറെ അപമാനിച്ചവരാണ് കോണ്‍ഗ്രസ്. അവര്‍ക്ക് ജയ് ഭീം എന്ന് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Trending :