ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ കത്തോലിക്ക പളളി തകര്‍ന്ന സംഭവം : മാപ്പുപറഞ്ഞ് നെതന്യാഹു

08:14 AM Jul 18, 2025 |


ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒരു പുരോഹിതനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പളളിയില്‍ ടാങ്കില്‍ നിന്നുളള ഷെല്ലുകള്‍ അബദ്ധത്തില്‍ പതിച്ചതാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണെന്നും നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇസ്രയേല്‍ സൈന്യം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു ഷെല്ലില്‍ നിന്നുളള ഭാഗങ്ങള്‍ അബദ്ധത്തില്‍ പളളിയില്‍ പതിക്കുകയായിരുന്നുവെന്നും നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.