+

അഴിമതി കേസിൽ നെതന്യാഹുവിന്റെ വിചാരണ മാറ്റാനാവില്ലെന്ന് ഇസ്രായേൽ കോടതി

അഴിമതി കേസിൽ നെതന്യാഹുവിന്റെ വിചാരണ മാറ്റാനാവില്ലെന്ന് ഇസ്രായേൽ കോടതി

ജറുസലേം: അഴിമതി കേസിൽ ബിന്യമിൻ നെതന്യാഹുവിന്റെ വിചാരണ മാറ്റാനാവില്ലെന്ന് ഇസ്രായേൽ കോടതി. കേസ് റദ്ദാക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൊഴി നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന നെതന്യാഹുവിന്റെ ആവശ്യം കോടതി നിരസിച്ചത്.

അടുത്ത രണ്ടാഴ്ച കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാണ് നെതന്യാഹുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ചില സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാൽ ഹാജരാവാൻ ആവില്ലെന്നാണ് നെതന്യാഹുവിന്റെ അഭിഭാഷകർ അറിയിച്ചത്.

നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ജറുസലേം ജില്ലാ കോടതി നിലപാടെടുത്തു. നേരത്തെ നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കുകയോ അദ്ദേഹത്തെ വെറുതെ വിടുകയോ ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

നെതന്യാഹുവിനെതിരായ ഒന്നാമത്തെ കേസിൽ അദ്ദേഹവും ഭാര്യ സാറയും 260,000 ഡോളർ മൂല്യം വരുന്ന ആഡംബര ഉൽപന്നങ്ങളായ സിഗരറ്റ്, ജ്വല്ലറി, ഷാംപെയ്ൻ എന്നിവ ശതകോടീശ്വരൻമാരിൽ നിന്ന് വാങ്ങിയെന്നാണ് കേസ്. രണ്ടാമത്തെ കേസ് മാധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ്.

facebook twitter