കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുതല്‍ പുതിയ മുഖം. കെ പി സി സി പ്രസിഡന്റായി സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുക്കും. കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്.
എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാകും ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുക. കെ പി സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയെ നിയുക്ത ഭാരവാഹികള്‍ സന്ദര്‍ശിക്കും.
പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും നേതാക്കള്‍ ഞായറാഴ്ച എത്തിയിരുന്നു. അധ്യക്ഷ പദവിയിലെത്തുന്ന സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരുമാണ് കെ കരുണാകരന്റെ സ്മൃതി മണ്ഡപവും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ചത്. സണ്ണി ജോസഫിനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍ എന്നിവരാണ് കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും എത്തിയത്. പുതിയ നേതൃ നിര പാര്‍ട്ടിയെ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിക്കുമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. പുതിയ ടീം വന്നതിന്റെ ആവേശം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നിച്ച് ചുമതലയേല്‍ക്കുന്നത്.