പുതിയ റിലീസുകൾക്കിടയിലും തിളങ്ങി 'ഗെറ്റ് സെറ്റ് ബേബി'

07:54 PM Mar 02, 2025 | Kavya Ramachandran

ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ  അവതരിപ്പിച്ചുകൊണ്ട് കുടുംബങ്ങളുടെ പ്രിയം നേടിയിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'. തലമുറ വ്യത്യാസമില്ലാതെ ഏവരേയും ആകർഷിച്ചിരിക്കുകയാണ് ചിത്രം എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. 

വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ഒരുക്കിയിട്ടുള്ള പഴുതുകളടച്ച തിരക്കഥയെ ഉചിതമായ രീതിയിൽ സംവിധായകൻ വിനയ് ഗോവിന്ദ് സ്ക്രീനിൽ എത്തിച്ചിരിക്കുകയാണ്. ഒരു റൊമാന്‍റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാഗതി. 

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ഇവരുടെ കെമിസ്ട്രിയാണ് എടുത്തുപറയേണ്ട ഘടകം. ഡോ. അർജുൻ ബാലകൃഷ്ണനായി ഉണ്ണിയും, ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖിലയും മികവുറ്റ പ്രകടനം നടത്തിയിട്ടുണ്ട്. പേഴ്സണൽ, പ്രൊഫഷണൽ ലൈഫിനെ മികച്ച രീതിയിൽ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതികളുടെ വേഷവും ചെമ്പൻ വിനോദും ഫറ ഷിബ്‍ലയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണ്.