സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ സ്ഥലങ്ങള്‍ അനുവദിക്കുന്നതില്‍ വന്ന കാലതാമസം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ചർച്ചാവിഷയമായി. കൗണ്‍സില്‍ അംഗം നാസർ അല്‍-ജദാൻ ഈ കാലതാമസത്തില്‍ ആർക്കാണ് വീഴ്ച പറ്റിയതെന്ന് ചോദ്യമുയർത്തി. നിലവിലുള്ള സ്കൂളുകള്‍ക്ക് പകരമായി കൗണ്‍സില്‍ അംഗീകരിച്ച പുതിയ സൈറ്റുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുന്നതിലെ മെല്ലപ്പോക്കാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതിന് മറുപടിയായി, സർവ്വേ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ മുബാറക് അല്‍ അജ്മി വിശദീകരണം നല്‍കി. മുനിസിപ്പാലിറ്റി ഇതിനോടകം നാല് സൈറ്റുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കൂടാതെ, മറ്റ് നാല് സൈറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അല്‍-അജ്മി വെളിപ്പെടുത്തി.
പുതിയ സ്കൂള്‍ സൈറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ നിർദ്ദേശമനുസരിച്ച്, സ്കൂളുകള്‍ക്ക് കെട്ടിട നിർമ്മാണാനുമതി ലഭിച്ച് മൂന്ന് പൂർണ്ണ കലണ്ടർ വർഷങ്ങള്‍ കഴിഞ്ഞതിന് ശേഷം മാത്രമേ നിലവിലുള്ള കെട്ടിടങ്ങള്‍ ഒഴിഞ്ഞുനല്‍കേണ്ടതുള്ളൂ. ഈ നടപടി, സ്വകാര്യ സ്കൂളുകള്‍ക്ക് അവരുടെ പ്രവർത്തനം റെസിഡൻഷ്യല്‍ മേഖലകളില്‍ നിന്ന് മാറ്റി പുതിയ സൗകര്യങ്ങള്‍ നിർമ്മിക്കുന്നതിനും സജ്ജമാക്കുന്നതിനും മതിയായ സമയം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. എന്നാല്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ നിയമം പാലിക്കാത്ത സ്കൂളുകള്‍ക്കെതിരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.