ഒരാഴ്ച മുമ്പ് യുഎസ് ആക്രമിച്ച ഇറാനിലെ ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. മാക്സര്‍ ടെക്നോളജീസ് ഞായറാഴ്ച ശേഖരിച്ച ചിത്രങ്ങളിലാണ് ഈ വിവരങ്ങള്‍. കഴിഞ്ഞയാഴ്ച ഫോര്‍ഡോ ഇന്ധന സമ്പുഷ്ടീകരണ കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തില്‍ തകര്‍ന്ന വെന്റിലേഷന് ഷാഫ്റ്റുകള്‍ക്കും ദ്വാരങ്ങള്‍ക്കും സമീപം തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി മാക്സര്‍ അറിയിച്ചു.
ഭൂമിക്കടിയിലുള്ള കെട്ടിടത്തിന് മുകളിലുള്ള വടക്കന്‍ ഷാഫ്റ്റിന് തൊട്ടടുത്ത് ഒരു എക്സ്കവേറ്ററും നിരവധി തൊഴിലാളികളും നില്ക്കുന്നതായി ചിത്രങ്ങളില്‍ കാണാം. ഷാഫ്റ്റിന്റെ/ദ്വാരത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു ക്രെയിന്‍ പ്രവര്‍ത്തിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കാന്‍ നിര്‍മ്മിച്ച പാതയോരത്ത് നിരവധി വാഹനങ്ങളും കാണപ്പെടുന്നുണ്ടെന്നാണ് മാക്സര്‍ പറയുന്നത്.
ഈ മാസം ആദ്യം യുഎസ് ഇറാനിലെ ഫോര്‍ഡോ, നതാന്‍സ് ആണവ കേന്ദ്രങ്ങളില്‍ ഒരു ഡസനിലധികം ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചിരുന്നു. കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇറാന് അവകാശപ്പെടുകയും ചെയ്തിരുന്നു.