ഇടുക്കിയിൽ പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

04:30 PM Jan 01, 2025 | Neha Nair

ഇടുക്കി: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം.

പുതുവത്സരാഘോഷത്തിനായി കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. എന്നാൽ, അപകടം എങ്ങനെയുണ്ടായി എന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിൽ 350 അടിയോളം താഴ്ചയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.