ന്യൂഡൽഹി: 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി തഹാവുർ റാണയുടെ ശബ്ദ, കൈയക്ഷര സാമ്പിൾ ശേഖരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). കോടതി മുമ്പാകെ റാണ വിവിധ അക്ഷരങ്ങളും അക്കങ്ങളും എഴുതി. കനത്ത സുരക്ഷാ സന്നാഹത്തിലാണ് റാണയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വൈഭവ് കുമാറിന് മുന്നിലെത്തിച്ചത്. റാണയുടെ ശബ്ദ, കൈയക്ഷര സാമ്പിൾ ശേഖരിക്കാൻ അടുത്തിടെ കോടതി എൻ.ഐ.എക്ക് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രത്യേക എൻ.ഐ.എ കോടതി തഹാവുർ റാണയുടെ കസ്റ്റഡി ഏപ്രിൽ 28 മുതൽ 12 ദിവസത്തേക്ക് നീട്ടിയിരുന്നു.
2008ൽ 166ലേറെ പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് 17 വർഷത്തിനുശേഷമാണ് പാക്- കനേഡിയൻ ബിസിനസുകാരനും മുൻ പാക് സൈനിക ഡോക്ടറുമായ റാണയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നത്. 2009 ഒക്ടോബറിൽ യു.എസിലെ ഷികാഗോയിലാണ് റാണ പിടിയിലായത്.