കൊച്ചി: ഝാർഖണ്ഡ് സ്വദേശികളായ അച്ഛനും അമ്മയും ഉപേക്ഷിച്ച കുഞ്ഞ് ഇനി സർക്കാർ തണലിൽ . ഒന്നരമാസം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും കാത്ത നിധിയെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി. ഝാർഖണ്ഡ് സ്വദേശികളായ ദമ്പതിമാർ ഉപേക്ഷിച്ച ശേഷം സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.
കുഞ്ഞുമണി എന്ന ഓമനപ്പേരിൽ കഴിഞ്ഞിരുന്ന 'നിധി'യെ ഏറ്റെടുക്കുന്ന കരാറിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷായും ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. വിൻസെന്റ് ജോസഫും ഒപ്പുെവച്ചു.
അമ്മമാരായി ശുശ്രൂഷിച്ച ഡോ. വിജി, ന്യൂബോൺ കെയറിലെ നഴ്സുമാരായ ആതിര, രമ്യ തുടങ്ങിയവർ കണ്ണീരോടെയാണ് കുഞ്ഞിനെ യാത്രയാക്കിയത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ കീഴിലെ സ്ഥാപനത്തിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് ജില്ലാ സിഡബ്ല്യുസി ചെയർമാൻ അഡ്വ. വിൻസെന്റ് ജോസഫ് പറഞ്ഞു.കുട്ടിയെ ഉപേക്ഷിച്ചത് കേസായതിനാൽ പോലീസ് മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിക്കും.
മാതാപിതാക്കൾ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടാൽ പോറ്റാൻ പ്രാപ്തരാണോ എന്ന കാര്യങ്ങളടക്കം പരിഗണിച്ചാകും തുടർ നടപടികൾ. അവകാശികൾ ആരും എത്തിയില്ലെങ്കിൽ ദത്ത് നടപടികൾ ആലോചിക്കും. ഝാർഖണ്ഡ് ശിശുക്ഷേമ സമിതി ബന്ധപ്പെട്ടാൽ അവിടേക്ക് മാറ്റുന്നതും പരിഗണിക്കും.