ന്യൂഡൽഹി: യമൻ പൗരനെ കൊലപ്പെടുത്തിയതിന് വധശിക്ഷ വിധിക്കപ്പെട്ട് സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള കേന്ദ്ര സർക്കാർ ഇടപെടലിനായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹരജി സുപ്രീംകോടതി എട്ടാഴ്ചത്തേക്ക് മാറ്റി. അടിയന്തരമായ സാഹചര്യങ്ങൾ വല്ലതുമുണ്ടെങ്കിൽ അതിനിടയിൽ ഹരജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണി ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. യമനിൽ മോചനത്തിനുള്ള മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ടന്ന് ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ യാത്രാ നിരോധനം നിലനിൽക്കുന്ന യമനിലേക്ക് നിമിഷപ്രിയയുടെ മോചന ചർച്ചക്കായി പോകാൻ സർക്കാറിന് അപേക്ഷ നൽകാൻ ആക്ഷൻ കമ്മിറ്റിക്ക് സുപ്രീംകോടതി അനുവാദം നൽകിയിരുന്നു.
തുടർന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ രണ്ട് പ്രതിനിധികളടക്കം ആറ് പേർക്ക് ആക്ഷൻ കൗൺസിൽ അനുമതി തേടിയിരുന്നുവെങ്കിലും കേന്ദ്ര വിദേശ മന്ത്രാലയം അനുമതി നൽകിയിരുന്നില്ല.