
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്ത ഘട്ടം.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.
യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വയ്ക്കാന്‍ ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നല്‍കിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാല്‍ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. വധശിക്ഷയ്ക്ക് തല്‍ക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് കുറച്ചു സമയം കിട്ടും