+

നിപ ജാഗ്രത: മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ്

പാലക്കാട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 26 (2) പ്രകാരവും, പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 42 (1) പ്രകാരവുമാണ് ഉത്തരവ്.

പാലക്കാട്  : പാലക്കാട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 26 (2) പ്രകാരവും, പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 42 (1) പ്രകാരവുമാണ് ഉത്തരവ്.

രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ പൊതുഇടങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിലുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുകയും പുറത്ത് ജോലി ചെയ്യുകയും ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും, പുറത്ത് താമസിക്കുകയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും അതാത് ജില്ലാ ഓഫീസ് മേധാവികള്‍ പരമാവധി 'വര്‍ക്ക് ഫ്രം ഹോം' സൗകര്യം ഒരുക്കണം. 'വര്‍ക്ക് ഫ്രം ഹോം' സാധ്യമല്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുള്ളതായും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും ജില്ലകളക്ടര്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കും കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 

Trending :
facebook twitter