
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റിൽ ഉള്ള നാലു പേർ ഐസൊലേഷനിൽ തുടരുകയാണ്. ഇന്ന് 3 പേരുടെ സാമ്പിൾ പരിശോധന ഫലം വരും. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.
അതെസമയം, നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ മലപ്പുറത്ത് സമ്പർക്ക പട്ടികയിലും 461 പേർ ആകെ സമ്പർക്ക പട്ടികയിലും ഉണ്ടെന്ന് വീണ ജോർജ് പറഞ്ഞു. 27 പേർ ഹൈറിസ്‌ക്കിലാണ്.