നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (നിപെർ) അഹ്മദാബാദ്, ഗുവാഹതി, ഹാജിപൂർ, ഹൈദരബാദ്, കൊൽക്കത്ത, റായ്ബറേലി, മൊഹാലി എന്നീ കാമ്പസുകളിലായി നടത്തുന്ന വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ സംയുക്ത പ്രവേശന പരീക്ഷ )ജൂൺ 10ന് ദേശീയതലത്തിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ടാവും. വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും https://niper.gov.in/niperjee2025ൽ.
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: എം.എസ് (ഫാം): വിഷയം -മെഡിസിനൽ കെമിസ്ട്രി, നാച്വറൽ പ്രൊഡക്ട്സ്, ട്രഡീഷനൽ മെഡിസിൻ, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, റെഗുലേറ്ററി ടോക്സിക്കോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമകോളൻ ഫർമാറ്റിക്സ്, റെഗുലേറ്ററി അഫയേഴ്സ്
എം.ഫാം: ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമലേഷൻസ്), ഫാർമസി പ്രാക്ടീസ്, ക്ലിനിക്കൽ റിസർച്ച്.
എം.ടെക്: ബയോ ടെക്നോളജി/ ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ബയോടെക്), ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (പ്രോസസ് കെമിസ്ട്രി/ മെഡിസിനൽ കെമിസ്ട്രി), മെഡിക്കൽ ഡിവൈസസ്, മെഡിക്കൽ ടെക്നോളജി.
എം.ബി.എ (ഫാം): ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്.
ഓരോ കാമ്പസിലും ലഭ്യമായ പ്രോഗ്രാമുകൾ, സീറ്റുകൾ, യോഗ്യത, മാനദണ്ഡങ്ങൾ, ഫീസ് ഘടന അടക്കമുള്ള വിവരങ്ങൾ ബ്രോഷറിലുണ്ട്. 2025 ജൂലൈ 15നകം ഫൈനൽ സെമസ്റ്റർ യോഗ്യതാ പരീക്ഷ പൂർത്തിയാവുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: എം.എസ് (ഫാം)/ എം.ഫാം/ എം.ബി.എ (ഫാം) കോഴ്സുകൾക്കായുള്ള ടെസ്റ്റിന് ജനറൽ / ഒ.ബി.സി/ ഭിന്നശേഷി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 4000 രൂപ, എസ്.സി, എസ്.ടി 2000 രൂപ. എം.ടെക് പ്രോഗ്രാമുകൾക്കും ഇതേ ഫീസ് നൽകണം. എന്നാൽ, ഈ രണ്ട് വിഭാഗത്തിലും പെടുന്ന പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ യഥാക്രമം 5000 രൂപ, 2500 രൂപ നൽകിയാൽ മതി. ഓൺലൈനിൽ മേയ് 20 വരെ അപേക്ഷിക്കാം. തെറ്റു തിരുത്തുന്നതിന് 21, 22 തീയതികളിൽ സൗകര്യം ലഭിക്കും. മേയ് 30 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശങ്ങളും നിപെർ ജെ.ഇ.ഇയുടെ വിവരങ്ങളും ബ്രോഷറിലുണ്ട്.