ന്യൂഡൽഹി : ഇന്ത്യ സന്ദർശനത്തിനെത്തിയ ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാവും ധനമന്ത്രിയുമായ ബെസലേൽ സ്മോട്രിച്ചും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഭീകരതക്കെതിരെ പരസ്പരം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ഗസ്സയിലെ ആക്രമണങ്ങൾക്കും പട്ടിണി മരണങ്ങൾക്കും അന്തർദേശീയ ക്രിമിനൽ കോടതിയുടെ റഡാറിലിരിക്കേയാണ് ബെസലേൽ സ്മോട്രിച്ച് ഇന്ത്യയിലെത്തിയിരിക്കുന്നത്.
ഇസ്രായേലിൽ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടമായതിൽ ധനമന്ത്രി നിർമല സീതാരാമൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയും ഇസ്രായേലും ഭീകരതയുടെ ഭീഷണി നേരിടുന്നുണ്ടെന്ന് അംഗീകരിച്ചാണ് സ്മോട്രിച്ചും നിർമലയും ഭീകരതക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും സൈബർ സെക്യൂരിറ്റി, പ്രതിരോധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം ഇരുവരും ഊന്നിപ്പറഞ്ഞു.
ഇന്ത്യയും ഇസ്രായേലും പരസ്പരം നിക്ഷപവും വ്യാപാരവും ശക്തിപ്പെടുത്തുന്നതിനുള്ള കരാർ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് സ്വതന്ത്ര മാധ്യസ്ഥ വേദിയുണ്ടാക്കാനും നിർദേശിക്കുന്നു. ഇരു രാജ്യങ്ങൾക്കിടയിലൂടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും പരസ്പം നിക്ഷേപ സാഹചര്യമൊരുക്കാനും വ്യവസ്ഥ ചെയ്യുന്നു.