എന്‍ കെ സുധീര്‍ ബിജെപിയില്‍ ചേരും

08:30 AM Jul 02, 2025 |


ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്. ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം വൈകുന്ന ഘട്ടത്തിലേക്കാണ് സുധീര്‍ പാര്‍ട്ടി വിടുന്നതെന്നും സൂചനയുണ്ട്. എഐസിസി മുന്‍ അംഗമായിരുന്നു സുധീര്‍.

അതേസമയം കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എന്‍ കെ സുധീറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ടിഎംസി നേതാവ് പി വി അന്‍വര്‍ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ നടപടിയെക്കുറിച്ച് അറിയിച്ചത്.

ചേലക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചപ്പോള്‍ സുധീര്‍ നേടിയത് 3920 വോട്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്ന് എന്‍ കെ സുധീര്‍ അന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്.