+

ആ ദാരുണ മരണത്തെ സുവര്‍ണാവസരമാക്കി മുതലെടുക്കാന്‍ എത്തുന്നവരെ കരുതിയിരിക്കണം: മന്ത്രി വി ശിവന്‍കുട്ടി

യുഡിഎഫ് ഭരണകാലത്ത് തകര്‍ന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ മലയാളികള്‍ക്ക് മറക്കാനാകുമോ?

കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ് എന്നും ഈ അപകടത്തെയും ദാരുണ മരണത്തെയും സുവര്‍ണാവസരം എന്ന് കരുതി മുതലെടുക്കാന്‍ എത്തുന്നവരെ കരുതിയിരിക്കണം എന്നും മന്ത്രി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിവന്‍കുട്ടി പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

മന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം! വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക! കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട സഹോദരി ബിന്ദുവിന് ആദരാഞ്ജലികള്‍. അവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ഈ വിഷയത്തില്‍ ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനും, നമ്മുടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും, മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യ സമ്പ്രദായത്തെ തകര്‍ക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്.

യുഡിഎഫ് ഭരണകാലത്ത് തകര്‍ന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ മലയാളികള്‍ക്ക് മറക്കാനാകുമോ? അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുണ്ടായിരുന്നോ? മരുന്നും സജ്ജീകരണങ്ങളുമുണ്ടായിരുന്നോ? ഇല്ല! കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളര്‍ത്തിയത് കഴിഞ്ഞ 9 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ഫണ്ട് ചെലവഴിച്ച് ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു. ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിത്തീര്‍ത്തത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇടതുപക്ഷ സര്‍ക്കാരാണ് . ഈ അപകടത്തെയും ദാരുണ മരണത്തെയും സുവര്‍ണാവസരം എന്ന് കരുതി മുതലെടുക്കാന്‍ എത്തുന്നവരെ കരുതിയിരിക്കണം.

ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും മറ്റ് അപകടങ്ങളിലെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബിന്ദുവിന്റെ മരണത്തിന് പിന്നാലെ പ്രതിപക്ഷവും വിവിധ സംഘടനകളും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

facebook twitter