കൽപറ്റ : വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡി.ഡി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ പ്രസിഡന്‍റ് പൗലോസ്, ഭാരവാഹി കെ.കെ ഗോപിനാഥ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
എൻ.എം വിജയൻ നേതാക്കൾക്കയച്ച കത്തിലും ആത്മഹത്യ കുറിപ്പിലും കോൺഗ്രസ് നേതാക്കളുടെ പേരുകൾ പരാമർശിക്കപ്പെട്ടതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെങ്കിലും ബുധനാഴ്ച ആത്മഹത്യപ്രേരണ വകുപ്പ് കൂടി ചേർത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എൻ.എം. വിജയന്‍റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നത്. നിയമനത്തിന്റെ പേരിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ കോഴ വാങ്ങിയെന്നാണ് ആത്മഹത്യകുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള ആത്മഹത്യ കുറിപ്പിൽ ആരോപണമുണ്ട്.
സാമ്പത്തിക ബാധ്യതയെ കുറിച്ചും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍റേയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും പേരുകളും എന്‍.എം. വിജയന്‍ എഴുതിയ കത്തിലുണ്ട്. വിജയന്റെ കുടുംബമാണ് കത്ത് പുറത്തുവിട്ടത്. ഇതിനോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വിജയൻ എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. കത്തിലും കോഴയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വിജയന്റെ ആത്മഹത്യക്ക് പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. അതിനിടെ, കത്തിലെ ആരോപണങ്ങൾ ഐ.സി. ബാലകൃഷ്ണൻ നിഷേധിച്ചു. ഇ.ഡി, വിജിലൻസ് ഉൾപ്പെടെ ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും തയാറാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.
അതിനിടെ, കോഴ വാങ്ങിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് വയനാട് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെ.പി.സി.സിയുടെ ഒത്താശയോടെ കോൺഗ്രസ് ഭരിക്കുന്ന പല സഹകരണ ബാങ്കിലും നടക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.