കശ്മീരിന്റെ കാര്യത്തില്‍ ആരും മധ്യസ്ഥത വഹിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കശ്മീര്‍ തര്‍ക്കത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
'കശ്മീരിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ വ്യക്തമായ നിലപാടുണ്ട്. ഒരേയൊരു കാര്യം മാത്രമേ ബാക്കിയുള്ളൂ. പാക് അധീന കശ്മീര്‍ (പിഒകെ) തിരികെവേണം. മറ്റൊന്നും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് അവര്‍ സംസാരിക്കുകയാണെങ്കില്‍, അതിലും ചര്‍ച്ചയാകാം. ആരും മധ്യസ്ഥത വഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങള്‍ക്ക് ആവശ്യമില്ല' - കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.