
2023 നോബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയെ ഇറാനിയന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന് ഖോസ്രോ അലികോര്‍ഡിയുടെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കവേയാണ് നര്‍ഗീസിനെ ഇറാന് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. 53 കാരിയായ മുഹമ്മദിയെ മറ്റ് ആക്ടിവിസ്റ്റുകളോടൊപ്പം കിഴക്കന്‍ നഗരമായ മഷാദില്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് നര്‍ഗസ് ഫൗണ്ടേഷന് അറിയിച്ചു.
ആരോഗ്യപരമായ കാരണങ്ങളാല്‍ 2024 ഡിസംബറില്‍ താല്‍ക്കാലികമായി ജയില്‍ മോചിതയായ നര്‍ഗീസ് മുഹമ്മദി ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിനുശേഷം ഇറാന് അധികാരികള്‍ അടിച്ചമര്‍ത്തല്‍ ശക്തമാക്കുകയാണെന്ന് അടുത്തിടെ ആരോപിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് നര്‍ഗീസിനെ 2023ല്‍ നോബേല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്.
'നര്‍ഗസ് മുഹമ്മദിയുടെ അറസ്റ്റില്‍ വളരെയധികം ആശങ്കയുണ്ടെന്ന്'' നൊബേല്‍ കമ്മിറ്റി പറഞ്ഞു. ''മുഹമ്മദി എവിടെയാണുള്ളതെന്ന് വ്യക്തമാക്കാനും, അവരുടെ സുരക്ഷ ഉറപ്പാക്കാനും, ഉപാധികളില്ലാതെ അവരെ വിട്ടയക്കാനും'' അധികാരികളോട് ആവശ്യപ്പെട്ടതായി നൊബേല്‍ കമ്മിറ്റി അറിയിച്ചു.