കുവൈത്തില്‍ ഉച്ചജോലി വിലക്ക് ; പരിശോധന കര്‍ശനം ; 33 തൊഴിലാളികള്‍ നിരോധനം ലംഘിച്ചതായി കണ്ടെത്തി

01:36 PM Jul 07, 2025 | Suchithra Sivadas

കുവൈത്തില്‍ ഉച്ചജോലി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കി അധികൃതര്‍. ജൂണ്‍ 1നും ജൂണ്‍ 30നും ഇടയില്‍ 33 തൊഴിലാളികള്‍ ഉച്ചജോലി നിരോധനം ലംഘിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. മെയ് 31 മുതല്‍ ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന നിരോധനം തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്.


രാവിലെ 11നും വൈകുന്നേരം 4 നും ഇടയില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികൃതര്‍ 60 സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും 30 കമ്പനികള്‍ക്കെതിരെ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ സന്ദര്‍ശനങ്ങളില്‍ ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല.

ഈ കാലയളവില്‍ പൊതുജനങ്ങളില്‍ നിന്ന് 12 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും 30 കമ്പനികളുടെ പുനഃപരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും അതോറിറ്റി വ്യക്തമാക്കി.