ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു ; ഡൽഹിയിൽ റെഡ് അലർട്ട്

12:30 PM Jun 12, 2025 | Neha Nair

ഡൽഹി : ഡൽഹിയിൽ അത്യുഷ്ണം, പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. അടുത്ത രണ്ടുദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനിൽ ചിലയിടങ്ങളിൽ താപനില അൻപത് ഡിഗ്രിയോടടുത്തു നിൽക്കുകയാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പ്രത്യേകിച്ച് മുതിർന്നവരും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം ഇന്ന് വൈകുന്നേരം ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതൽ, ഉഷ്ണതരംഗം കുറയാൻ സാധ്യയുണ്ടെന്നും ശനിയാഴ്ച മുതൽ ഡൽഹിയിലെ താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.