ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ല; മലക്കംമറിഞ്ഞ് മോഹന്‍ ജോര്‍ജ്

07:16 AM Jun 23, 2025 |


വിവാദങ്ങള്‍ക്ക് പിന്നാലെ നിലപാടില്‍ മലക്കം മറിഞ്ഞ് നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോകില്ലെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. താമര ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യാത്ത ബിജെപിക്കാരനില്ലെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
'ബിജെപിക്ക് വോട്ട് കൂടുമെന്നതില്‍ തര്‍ക്കമില്ല. കുടിയേറ്റ ഗ്രാമത്തില്‍ ഉണര്‍വുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ ചുവടുറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആണ് ഇത്' എന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.
നിലമ്പൂരില്‍ അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയസാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് കഴിഞ്ഞ ദിവസം മോഹന്‍ ജോര്‍ജ് പറഞ്ഞിരുന്നു.
ഇടതുപക്ഷത്തെ തോല്‍പ്പിക്കണം എന്ന ഉദ്ദ്യേശത്തോട് കൂടി വലതുപക്ഷത്തിന് വോട്ട് ചെയ്തവരുണ്ട്. അവസാന ഘട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തമായി പരിശ്രമിച്ചുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞിരുന്നു