പാലക്കാട്: ക്ഷീരകർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കുമായി മിൽമ മലബാർമേഖലാ യൂണിയൻ സ്‌നേഹമിത്ര ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. ലൈഫ് ഇൻഷുറൻസ് കോർപറേഷൻമുഖേന നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതി ഡിസംബർ ഒന്നുമുതൽ ഒരുവർഷത്തേക്കാണ് നടപ്പാക്കുന്നത്.
ഈ സാമ്പത്തികവർഷം പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിൽ പാൽനൽകുന്ന ക്ഷീരകർഷകർക്കും സംഘത്തിലെ സ്ഥിരം, താത്‌കാലിക ജീവനക്കാർക്കും പദ്ധതിയിൽ അംഗമാകാം. സ്വാഭാവികമരണത്തിനും അപകട മരണത്തിനും 20,000 മുതൽ അഞ്ച് ലക്ഷംരൂപ വരെ ആശ്രിതർക്ക് ധനസഹായം ലഭിക്കുന്ന പദ്ധതി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒരുലക്ഷത്തിലധികം കർഷകർക്ക് പ്രയോജനകരമാകും.
18 മുതൽ 59 വയസ്സുവരെയുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെയും 65 വയസ്സുവരെയുള്ളവർക്ക് 50,000 രൂപയുടെയും 69 വയസ്സുവരെയുള്ളവർക്ക് 20,000 രൂപയുടെയും ഇൻഷുറൻസ് ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പ്രീമിയം തുകയിൽ വിവിധ സ്ലാബുകളിലായി 36.02 രൂപ മുതൽ 450.50 രൂപവരെ മേഖലായൂണിയൻ വിഹിതമായി നൽകും. പദ്ധതിയിൽച്ചേരാൻ ആഗ്രഹിക്കുന്ന ക്ഷീര കർഷകർ അതത് ക്ഷീരസംഘങ്ങൾമുഖേന നവംബർ അഞ്ചിനകം രജിസ്റ്റർ ചെയ്യണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.