പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ്

09:05 AM Aug 11, 2025 |


രാമനാട്ടുകര: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞതായി വനംവകുപ്പിന്റെ കണക്കുകൾ. 2016 മുതൽ മരിച്ചവരുടെ കണക്കിനൊപ്പം ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയ 2020 മുതൽ അഞ്ചുവർഷത്തിടെ മരിച്ചവരുടെ കണക്കും നിരത്തി വനംവകുപ്പാണ് ഇക്കാര്യം അടിവരയിടുന്നത്.

2018-19 വർഷത്തിൽ 123 പേർ പാമ്പുകടിയേറ്റുമരിച്ച സ്ഥാനത്ത് 2024-25 വർഷത്തിൽ 34 പേർ മാത്രമാണ് മരിച്ചത്. 2025-26 വർഷത്തിൽ ഓഗസ്റ്റ്മാസംവരെ നിരക്ക് ഇതിൽനിന്ന് വീണ്ടും ആറിലൊന്നായി കുറഞ്ഞ് ആറുപേരിലെത്തിയെന്നും കണക്കുകൾ പറയുന്നു.

2016 മുതൽ 25 വരെ പത്ത്‌ സാമ്പത്തികവർഷത്തിലായി 600 പേരാണ് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത്. 2017-18 (92 പേർ), 2016-17 (75 പേർ), 2019-20 (71 പേർ), 2021-22 (65 പേർ) എന്നീ വർഷങ്ങളിലാണ് സംസ്ഥാനത്ത് കൂടുതൽ പാമ്പുകടിമരണങ്ങളുണ്ടായത്. വനത്തിനുപുറത്താണ് ഇത്രയേറെ മരണങ്ങളുണ്ടായതെന്നും അധികൃതർ പറയുന്നു. ആറുവർഷത്തിനിടെ 60,000 പാമ്പിനെ പിടികൂടി. ഉഗ്രവിഷമുള്ളവയുൾപ്പെടെ 100 ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. 130 ഇനമാണ് കേരളത്തിൽ സാധാരണ കണ്ടുവരാറുള്ളത്.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് 2020-ൽ ആവിഷ്കരിച്ച ബോധവത്കരണപദ്ധതികൾക്കൊപ്പം കഴിഞ്ഞവർഷം തുടങ്ങിയ പത്തിന കർമപദ്ധതികളിലൊന്നായ മിഷൻ സർപ്പ പ്രവർത്തനങ്ങളും ഊർജിതമായതാണ് മരണനിരക്ക്‌ കുറഞ്ഞതിന്റെ പ്രധാനകാരണമായി പറയുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിലാണ് പാമ്പുകടിമരണങ്ങളിൽ വ്യാപകകുറവ്‌ കണ്ടുതുടങ്ങിയത്.

വനംവകുപ്പ് ഓരോപ്രദേശത്തെയും ജനങ്ങളെക്കൂടി ഉൾപ്പെടുത്തി 3300 അംഗീകൃത വൊളന്റിയർമാർക്കാണ് നിലവിൽ പരിശീലനംനടത്തുന്നത്. 2020 ഓഗസ്റ്റിൽ 320 പേർക്കാണ് പരിശീലനം തുടങ്ങിയത്.പിന്നെയത് വർധിച്ച് 800 പേരും തുടർന്ന് 3300-ഉം ആയി. വ്യത്യസ്തസ്വഭാവം പ്രകടിപ്പിക്കുന്ന വിഷസർപ്പങ്ങളെ കണ്ടെത്തുന്നവിധവും കൈകാര്യംചെയ്യുന്നവിധവുമാണ് കൂടുതലായി പരിശീലിപ്പിക്കുന്നത്.പാമ്പുകടിയേൽക്കുന്നവർ അപകടകരമായ പാരമ്പര്യ-നാട്ടുചികിത്സകൾക്ക്‌ നിൽക്കാതെ ആശുപത്രികളിൽ ശാസ്ത്രീയചികിത്സതേടുന്നത് വർധിച്ചതാണ് മരണനിരക്ക് കുറയുന്നതിന്റെ മറ്റൊരുകാരണമായി വിലയിരുത്തപ്പെടുന്നത്.