
കാനഡയുടെ പൗരത്വ വാരം ആഘോഷം നടന്നു കൊണ്ടിരിക്കുകയാണ്. മെയ് 26 ന് ആരംഭിച്ച് ജൂണ്‍ 1 വരെ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷ പരിപാടികള്‍. ഇതിനിടെ ചര്‍ച്ചയാകുന്നത് കാനഡയിലേക്ക് കുടിയേറിയവരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ്.
2024-ല്‍ ആകെ 3.74 ലക്ഷം വിദേശ പൗരന്മാര്ക്കാണ് കനേഡിയന്‍ പൗരത്വം ലഭിച്ചത്. ഇതില്‍ ഇതില്‍ 23% പേര് ഇന്ത്യാക്കാരാണ്. അതായത് ആകെ 87,812 ഇന്ത്യക്കാര്‍ക്കാണ് പൗരത്വം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ല്‍ 78,714 ഇന്ത്യക്കാരാണ് കനേഡിയന്‍ പൗരത്വം നേടിയത്. ഈ കണക്കനുസരിച്ച് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതിനിടെ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന നീക്കത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഫോണ്‍ സംഭാഷണം നടത്തി. മാര്‍ക്ക് കാര്‍ണി കനേഡിയന്‍ പ്രധാനമന്ത്രിയായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല രാഷ്ട്രീയ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും ഹൈക്കമ്മീഷണര്‍മാരെ പുനസ്ഥാപിച്ചേക്കും. എന്നാല്‍, ജി ഏഴ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡ ക്ഷണിക്കുമോ എന്ന് വ്യക്തമല്ല.