+

കാഞ്ഞങ്ങാട് നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട് നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍


കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്.

വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. മൂന്നാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി ചൈതന്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാര്‍ഡന്റെ മാനസിക പീഡനാണ് ഇതിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പെണ്‍കുട്ടി വയ്യാതെ ഇരിക്കുമ്പോള്‍ ഭക്ഷണമുള്‍പ്പെടെ കൊടുക്കാന്‍ വാര്‍ഡന്‍ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടര്‍ന്നു. ഇത് താങ്ങാന്‍ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സംഭവം കഴിഞ്ഞ് 24 മണിക്കൂര്‍ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാനേജ്‌മെന്റ് വിവരങ്ങള്‍ അറിയിച്ചിട്ടില്ല. ഫോണ്‍ സംവിധാനം ഇവിടെയില്ല. വെള്ളിയാഴ്ച്ച വയ്യാതെ ആശുപത്രിയില്‍ പോയിരുന്നു. വന്നശേഷം വാര്‍ഡന്‍ വഴക്കുപറഞ്ഞു. ബിപി ഉള്‍പ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

സുഹൃത്തിന് നീതി ലഭിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അവളുടെ ആരോഗ്യനില മോശമായി തുടരുകയാണ്. വാര്‍ഡനെതിരെ നടപടി വേണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നും കുട്ടിക്ക് പരീക്ഷാ സമ്മര്‍ദ്ദമാണെന്ന് പറയുന്നത് തെറ്റാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

facebook twitter