ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായ ആക്രമണം: ഹമാസിന് ഖത്തറിന്റെ സഹായം ലഭിച്ചതായി ഇസ്രായേല്‍

01:38 PM Mar 06, 2025 | Suchithra Sivadas

2023 ഒക്ടോബര്‍ 7 ന് നടന്ന ഇസ്രായേലിനെതിരായ ആക്രമണത്തിന് ഖത്തര്‍ സഹായം നല്‍കിയെന്ന ആരോപണവുമായി ഇസ്രായേല്‍. ആക്രമണത്തിന് മുമ്പ് ഹമാസിന്റെ സൈനിക ശക്തിയിലെ വര്‍ദ്ധനവിന് ഗള്‍ഫ് രാജ്യത്തിന്റെ ഫണ്ടുകള്‍ കാരണമായെന്നാണ് ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റിന്റെ കണ്ടെത്തല്‍. എന്നാല്‍ 'തെറ്റായ ആരോപണങ്ങള്‍' തള്ളിക്കളയുന്നതായി ഖത്തര്‍ പ്രതികരിച്ചു.

ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തെ ചെറുക്കുന്നതിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാജിവച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണം തടയുന്നതില്‍ സ്വന്തം പരാജയങ്ങള്‍ അംഗീകരിച്ചുകൊണ്ട് സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് പ്രസിദ്ധീകരിച്ച ഒരു ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഖത്തറിനെതിരായ ആരോപണം.