ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി സ്ഥാപകനും നടനുമായ വിജയ്യെ പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ സഖ്യമില്ലെന്നും ഡിഎംകെയും നേർക്കുനേർ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയെ മാത്രമേ താൻ എതിരാളിയായി കാണുന്നുള്ളൂവെന്ന് വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു. വിജയ്യുടെ പാർട്ടിയുമായി സഖ്യത്തിലാകാനുള്ള എഐഎഡിഎംകെയുടെ ആഗ്രഹങ്ങൾക്കും ഇതോടെ അവസാനമായി.
കരൂരിൽ ടിവികെ റാലിയിലെ തിക്കിലും തിരക്കിലുപ്പെട്ട മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് വിജയ് യോഗത്തിൽ സംസാരിച്ച് തുടങ്ങിയത്.കരൂർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് വിജയ് തൻ്റെ പ്രസംഗം ആരംഭിച്ചത്. "കരൂരിലെ തിക്കിലും തിരക്കിലുംപെട്ട് നമ്മുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ്. ഞങ്ങൾക്കെതിരെ ഒരുപാട് തെറ്റായ വിവരങ്ങളും അപവാദപ്രചാരണങ്ങളും ഉണ്ടായി. സത്യവും നിയമവും കൊണ്ട് നമ്മൾ എല്ലാം നേടിയെടുക്കും," അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ സർക്കാരിനുമെതിരെ വിജയ് രൂക്ഷവിമർശനം നടത്തി. കരൂർ ദുരന്തത്തിൻ്റെ പേരിൽ തന്നെയും തൻ്റെ പാർട്ടിയെയും പഴിചാരാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കുമെന്നും "വരും മാസങ്ങളിൽ ഈ പോരാട്ടം കൂടുതൽ കടുപ്പമേറിയതാകും" എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തൻ്റെ പാർട്ടിയുടെ റാലികൾക്ക് അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് ആരോപിച്ച് ടിവികെ അധ്യക്ഷൻ ഡിഎംകെ സർക്കാരിനെ വിമർശിച്ചു. "ഞങ്ങളുടെ റാലികൾക്ക് അനുമതി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഞങ്ങളുടെ മേൽ ചുമത്തിയ നിബന്ധനകൾ മറ്റൊരു പാർട്ടിക്കും നേരിടേണ്ടി വന്നിട്ടില്ലാത്തതായിരുന്നു. സങ്കുചിത ചിന്താഗതിയുള്ള നമ്മുടെ മുഖ്യമന്ത്രിയോട് എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. പരമോന്നത കോടതി നടത്തിയ നിരീക്ഷണങ്ങൾ മുഖ്യമന്ത്രി മറന്നുപോയോ?" വിജയ് ചോദിച്ചു.